മാനന്തവാടി:പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കൊണിയൻമുക്ക് ചിറക്കൽ വീട്ടിൽ 'ഡിങ്കൻ' എന്ന അജിത്ത് കുമാർ (22), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടിൽ വിഷ്‌ണു (22) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
ഫെബ്രുവരി രണ്ടിന് രാവിലെ എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വെച്ചായിരുന്നു സംഭവം. കുട്ടികളെ ബിയർ കുപ്പികൊണ്ടും വടികൊണ്ടും മർദ്ദിച്ച സംഘം, അവരുടെ കൈവശമുണ്ടായിരുന്ന 13,500 രൂപ ബലമായി പിടിച്ചുവാങ്ങുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.