കൊച്ചി: ഇടത്, വലത് മുന്നണികളെ പിടിച്ചുലക്കുന്ന ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ അനുമതി. സ്വർണപാളികളിൽ വരുത്തിയ മാറ്റം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിനുകീഴിൽ നാഷണൽ ലാബിൽ പരിശോധന നടത്താൻ കോടതി അനുവാദം നൽകി. ഇതിനായി ഈ മാസം ശബരിമലയിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ നിർദേശിച്ചു.
1998ൽ സ്ഥാപിച്ച യഥാർത്ഥ പാളികളാണോ നിലവിലുള്ളത്, അതോ അവ മാറ്റിയ ശേഷം പഴയ ചെമ്പിൽ വീണ്ടും സ്വർണപൂശി വെച്ചതാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
വി.എസ്.എസ്.സിയിൽ നടത്തിയ പരിശോധനാഫലത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പരിശോധന നടത്തണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഇതിനു പുറമെ 2017ൽ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്തെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണത്തിനും കോടതി നിർദേശം നൽകി. കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണനായിരുന്നു അന്ന് ദേവസ്വം പ്രസിഡന്റ്. അജയ് തറയിൽ, സി.പി.എമ്മിലെ രാഘവൻ എന്നിവരും ബോർഡ് അംഗങ്ങളായിരുന്നു. 2017ൽ കേടുപാടുകൾ ഇല്ലാതിരുന്നു കൊടിമരം ദ്രവിച്ചു എന്ന പേരിൽ മാറ്റിയതിനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് അന്വേഷണം.