വടകര:ദേശീയപാത നിർമാണം നടക്കുന്ന ലിങ്ക് റോഡ്– പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തെ ഉയരപ്പാതയിൽ കോൺക്രീറ്റിന് ഉപയോഗിച്ച ഇരുമ്പ് തകിട് എടുത്തു മാറ്റാത്തത് അപകട ഭീഷണി ഉയർത്തുന്നു.
ഉയരപ്പാതയുടെ 6–ാമത്തെ തൂണിലെ ഗർഡറിൽ ആണ് സർവീസ് റോഡിലേക്ക് ഏതു സമയവും വീഴാൻ പാകത്തിൽ ഭാരമേറിയ തകിടുകൾ തൂങ്ങി കിടക്കുന്നത്. ഇരു ഭാഗത്തുമായി 3 ഇരുമ്പ് തകിടുകൾ ഉള്ളതിൽ ഒന്ന് ചെറിയൊരു കമ്പിയുമായി ഘടിപ്പിച്ച നിലയിലാണ്. മറ്റ് രണ്ടും ചെറിയ നട്ട് കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട് എങ്കിലും വീഴാൻ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല.
തിരക്കുള്ള സർവീസ് റോഡിലേക്ക് ഇവ വീണാൽ സംഭവിക്കുക വൻ ദുരന്തമാകും. കോൺക്രീറ്റിന് ഉപയോഗിച്ച എല്ലാ വസ്തുക്കളും മുൻപ് തന്നെ എടുത്തു മാറ്റിയപ്പോൾ മറുന്നു വച്ചതാണ് തകിടുകൾ. ഉയരപ്പാതയിലെ നടപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ച എൽ ആകൃതിയിൽ ഉള്ളതാണ് ഈ തകിടുകൾ. കണ്ണൂരിലേക്ക് ഉള്ള സർവീസ് റോഡിന് അഭിമുഖമായാണ് ഇരുമ്പ് തകിട് രണ്ടാഴ്ചയായി തൂങ്ങി കിടക്കാൻ തുടങ്ങിയിട്ട്.
റോഡിൽ ഏതു സമയവും വാഹന തിരക്കും സമീപത്ത് നിരവധി കടകളും പ്രവർത്തിക്കുന്നുണ്ട്. കടകളിലേക്ക് ഉള്ള വാഹനങ്ങൾ വശം ചേർന്ന് നിർത്തിയിടുന്ന ഭാഗമാണ് ഇത്. നേരത്തെ അടക്കാ തെരുവിൽ ഉയരപ്പാതയുടെ മുകളിൽ നിന്നു ഇരുമ്പ് ഷീറ്റ് താഴേക്ക് പതിച്ചിരുന്നു.