ഉടുമ്പന്നൂർ: മദ്യലഹരിയിൽ എത്തിയത് ചോദ്യം ചെയ്തതിന് അച്ഛനെ കല്ലുക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. ഇടുക്കി ഉടുമ്പന്നൂർ അമയപ്ര നെടുമറ്റത്തും കരയിൽ (വട്ടനാനിയിൽ) രാജേഷ് (43) ആണ് പിതാവ് വേലപ്പനെ (75) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രതിയായ രാജേഷ് പൂപ്പാറയിലാണ് താമസിക്കുന്നത്. നാലുദിവസം മുൻപാണ് ഇയാൾ മൂത്ത സഹോദരൻ രാജീവന്റെ വീട്ടിൽ എത്തിയത്. ഇവരുടെ പിതാവ് വേലപ്പൻ ഇവിടെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ നാലുദിവസവും പ്രതി അച്ഛനും സഹോദരനുമൊപ്പം ഈ വീട്ടിൽ ഉണ്ടായിരുന്നു.
സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് വേലപ്പനുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഈ സമയം വീട്ടിൽ വേലപ്പന്റെ ഭാര്യ അമ്മിണിയും മൂത്തമകൻ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവുമാണ് ഉണ്ടായിരുന്നത്. വാക്കേറ്റം കൈയാങ്കളിലേക്ക് മാറി. ഇതിനിടെ രാജേഷ് കൈയിൽ കിട്ടിയ കല്ല് ഉപയോഗിച്ച് വേലപ്പന്റെ തലയ്ക്കടിച്ചു. ഇയാൾ ബോധരഹിതനായി നിലത്തുവീണതോടെ വീട്ടിലുണ്ടായിരുന്നവർ ബഹളംവെച്ചു.
അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും രാജേഷ് ആരെയും അവിടേക്ക് അടുക്കാൻ അനുവദിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോൺസൻ കരിമണ്ണൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് രാജേഷിനെ കീഴ്‌പ്പെടുത്തി വേലപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി എത്രയും വേഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. ഇതിനായി ഡോക്ടർ തന്നെ 108 ആംബുലൻസ് വിളിച്ച് വരുത്തുകയും ചെയ്തു. എന്നാൽ ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസ് എത്തിയില്ല എന്നുപറഞ്ഞ് ഇവിടെ തർക്കമായി. ഇതിനിടെ വേലപ്പൻ മരിക്കുകയായിരുന്നു.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എൻ. അജി പറഞ്ഞു. 'പരിക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. ഇതിനായി 108 ആംബുലൻസ് വിളിച്ച് നൽകുകയും ചെയ്തു. ആംബുലൻസ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല.' സൂപ്രണ്ട് വ്യക്തമാക്കി.
വേലപ്പനെ ആംബുലൻസിൽ കയറ്റാത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേലപ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.