തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ 11ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും ലഭ്യമാകുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇന്നലെ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയോഗം 41ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി. എല്ലാ ഭാഷാവിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഹോം സയൻസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും.
15 വർഷങ്ങൾക്കുശേഷമാണ് ഹയർസെക്കൻഡറി മേഖലയിൽ പാഠപുസ്തകങ്ങൾ പരിഷ്‌ക്കരിക്കുന്നത്. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടിയുടെ പുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. എൻ.സി.ഇ.ആർ.ടിയുടെ 44 ടൈറ്റിൽ പാഠപുസ്തകങ്ങൾ കൂടി ഹയർസെക്കൻഡറിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാഠപുസ്തകങ്ങൾ പുറത്തിറങ്ങിയശേഷം ഏത് രീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വർഷം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ നീക്കം ചെയ്തപ്പോൾ 4 വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ കേരളം പ്രസിദ്ധീകരിച്ചിരുന്നു. ഈ പരിഷ്‌കരിച്ച പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും.
അതേസമയം വിദ്യാർഥികൾക്കിടയിലെ സോഷ്യൽ മീഡിയ ആസക്തി തടയുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണം ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.