ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വെടിവെപ്പുകാരനും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം.
സ്കൂളിനുള്ളിൽ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഒരാൾ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സമീപത്തെ കെട്ടിടത്തിൽ രണ്ട് പേരെ കൂടി മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ 25-ഓളം പേരെ പ്രാദേശിക മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
പ്രതി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് മറ്റൊരു അക്രമി കൂടി ഉള്ളതായി സൂചനയില്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു. വെടിവെപ്പിനെത്തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ ഇത് പിൻവലിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് കെൻ ഫ്ലോയിഡ് വ്യക്തമാക്കി.