വയനാട്: മാനന്തവാടിയിൽ നാലു വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസ് പൊലീസ് പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ശനിയാഴ്ച രാത്രിയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് ഭാഗത്തുനിന്ന് ഒരാൾ ഇരുചക്ര വാഹനം ഓടിച്ച് പോകുന്നതിന്റെയും ബിജുവിന്റെ വീടിനു സമീപം നിർത്തുന്നതിൻ്റെയും അൽപസമയം കഴിഞ്ഞു കുട്ടിയുമായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ദൃശ്യങ്ങളുടെ അടസ്ഥാനത്തിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു. പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി വാഹന പരിശോധന തുടങ്ങി. 2 മണിക്കൂറിന് ശേഷം രാത്രി പത്തോടെയാണു കിലോമീറ്ററുകൾക്ക് അപ്പുറം തരുവണ പാലയാണ കക്കടവ് റോഡരികിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.