തൃശൂർ: പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും 1,40,000 രൂപ പിഴയും വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. എടക്കഴിയൂർ കാജാ സെന്റർ തിരുത്തിക്കാട് പിലാക്കാ ഷഹീൻ(21) നെയാണ് ചാവക്കാട് അതിവേഗ സ്പെഷൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പിഴയടക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതക്കു നൽകാനും ഉത്തരവായി. 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പെൺകുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയും പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയും പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തുകയും സ്വർണമാല ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തെന്നതാണ് പ്രോസിക്യൂഷൻ കേസ്.
22 സാക്ഷികളെ വിസ്‌തരിക്കുകയും ശാസ്ത്രീയ തെളിവുകൾ അടക്കം 44 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്‌സൺ ഓഫിസറും സി.പി.ഒയുമായ എ. പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.