സുൽത്താൻ ബത്തേരി: വിൽപ്പനക്കും ഉപയോഗത്തിനുമായി കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് കോഴിക്കോട് സ്വദേശികൾ പിടിയിൽ. മൊഹിന്‍ സ്വാലിഹ് (30), നിയാസ് ഖാന്‍ (28), ഹംദാന്‍ അഹമ്മദ് (29) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഫെബ്രുവരി 10-ന് രാവിലെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വന്ന ഇവർ സഞ്ചരിച്ച കാറിന്റെ ഗിയര്‍ബോക്‌സിന് മുകളിലുള്ള അറയില്‍, തീപ്പെട്ടിക്കൂട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 12.44 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
പിടിയിലായവർ മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്. മൊഹിന്‍ സ്വാലിഹിനെതിരെ നല്ലളം സ്‌റ്റേഷനിലും, ഹംദാനെതിരെ വൈത്തിരി, വെള്ളയില്‍ സ്‌റ്റേഷനുകളിലും ലഹരി കേസുകളുണ്ട്. നിയാസിനെതിരെ നടക്കാവിൽ അബ്കാരി കേസുമുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു. ബത്തേരി എസ്.ഐ സന്തോഷ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.