എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ ഗർഭഛിദ്രം ഉഭയസമ്മതപ്രകാരമാണെന്ന് സൂചിപ്പിച്ച് ഹൈക്കോടതി ഉത്തരവ്. വാട്സാപ്പ് ചാറ്റുകളിൽ നിന്ന് ഇങ്ങനെയാണ് മനസിലാക്കേണ്ടതെന്ന് മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് നിർണായക പരാമർശം.
ക്രൂരമായ പീഡനത്തിന് ഇരയായ ഒരാൾ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണെന്നും ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിലുള്ളതെന്നതിലേക്കുള്ള സൂചനയാണെന്നും ഹൈക്കോടതി പറഞ്ഞു. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. വാട്‌സാപ്പ് ചാറ്റുകളിൽ നിന്ന് അങ്ങനെയാണ് മനസിലാക്കേണ്ടത്. രാഹുലിൻ്റെ സുഹൃത്താണ് യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയത്. ഇത് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് വാട്‌സാപ്പ് ചാറ്റുകളിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം രാഹുലിന്റെ നിർബന്ധ പ്രകാരമായിരുന്നോയെന്ന് വിചാരണയിൽ വ്യക്തമാകണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.