തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ വീഴ്‌ചകൾ അക്കമിട്ട് നിരത്തി സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കണക്കുകളിൽ ഗുരുതര ക്രമക്കേടെന്നും പന്തൽ നിർമ്മാണം ടെണ്ടർ ഇല്ലാതെയാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഊരാളുങ്കല്ലിനാണ് ടെൻഡർ ഇല്ലാതെ പന്തൽ നിർമ്മാണം നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.
രണ്ട് കോടി രൂപയുടെ സ്പോൺസർഷിപ്പിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിൽ നൽകിയിട്ടില്ല. രണ്ട് ലക്ഷം കണക്കാക്കിയ കലാപരിപാടികൾക്ക് എട്ട് ലക്ഷം ചെലവായി.
സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. കൃത്യമായ കണക്കുകളും ബില്ലുകളും ഇല്ല. ചില ബില്ലുകളിൽ ജിഎസ്ടി രജിസ്ട്രേഷൻ ഇല്ല. സ്പോൺസർഷിപ്പ് വരുമാനം അവ്യക്തം. മരാമത്ത് പണികളും ടെൻഡർ ഇല്ലാതെയാണെന്ന് കണ്ടെത്തൽ.
ഉപകരാറുകൾ ഓഡിറ്റിന് ഹാജരാക്കിയില്ല.
കലാപരിപാടികൾക്ക് ആറുലക്ഷം രൂപ അധിക ചെലവായി. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുക തിരിച്ച് ഏല്പിച്ചെന്ന ദേവസ്വം മന്ത്രിയുടെ വാദം തെറ്റ്. ദേവസ്വം ഫണ്ടിൽ നിന്ന് എടുത്ത തുക തിരിച്ചേല്പിച്ചെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ രണ്ട് കൊടി രൂപ തിരിച്ചു നൽകിയില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.