തിരുവനന്തപുരം:സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ്.ഐ.ആർ ഹിയറിങ് നടപടികൾ നാളെയോടെ അവസാനിക്കും. നിലവിൽ 101 മണ്ഡലങ്ങളിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിലാണ് 100 ശതമാനം ഹിയറിങ്ങും ആദ്യം പൂർത്തിയായത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 36,89,057 പേരാണ് ഇതുവരെ ഹിയറിങ്ങിന്റെ ഭാഗമായത്.
കരട് പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 28,158 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ 3,522 പേർ അന്തരിച്ചവരും, 1,361 പേർ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. താമസം മാറിയ 23,275 പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നാളെയോടെ എല്ലാ മണ്ഡലങ്ങളിലെയും ഹിയറിങ് പൂർത്തിയാക്കി നടപടികൾ അവസാനിപ്പിക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
ഈ മാസം 21-ന് എസ്.ഐ.ആർ അന്തിമ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഈ പുതുക്കിയ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തിയും അനർഹരെ നീക്കം ചെയ്തും കുറ്റമറ്റ പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.