കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപയും പവന് 1,920 രൂപ കുറഞ്ഞ് 1,14,240 രൂപയുമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം. ഫെബ്രുവരിയിൽ സ്വർണത്തിന് ചാഞ്ചാട്ടത്തിന്റെ മാസമായിരുന്നു. ഫെബ്രുവരി രണ്ടിന് നാലുതവണയാണ് വില മാറി മറഞ്ഞത്.
വിലയിലെ ഇടിവ് ആഭരണ പ്രിയർക്കും വിവാഹ ആവശ്യക്കാർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണം സ്വന്തമാക്കുന്നവരുമുണ്ട്. ദിവസേനയുള്ള വിലവർധനവ് സ്വർണാഭരണം വാങ്ങുക എന്ന സാധാരണക്കാരന്റെ സ്വപ്‍നങ്ങൾക്ക് മങ്ങലേൽപ്പിച്ചിരുന്നു. എന്നാൽ വിലയിലെ കുത്തനെയുള്ള ഇടിവ് സാധാരണക്കാർക്ക് ആശ്വാസത്തിന് വക നൽകുന്നു.
പാരമ്പരാഗത രീതിയിൽ നിന്നും മാറി വിവാഹ ആവശ്യക്കാർ കൂടുതലും സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർഗങ്ങളാണ് നിലവിൽ സ്വീകരിച്ചു വരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങൾ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യുന്ന ട്രെൻഡ് ഉണ്ട്.