കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ നടപടി. യാത്രക്കാരൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും റോഡ് സുരക്ഷ നിയമം ലംഘിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. എടപ്പാളിൽ എംവിഡിയുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ലൈസന്‍സ് എത്രമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നത് പിന്നീട് തീരുമാനിക്കും, പിഴ സംബന്ധിച്ച കാര്യങ്ങൾ കോടതി തീരുമാനിക്കും.
അതേസമയം, ഫൂട്ട്പാത്തിലൂടെ ബൈക്കോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു. പ്രഭാവതി അമ്മയെ എംവിഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. അതിക്രമങ്ങൾക്കെതിരെ താൻ നേരത്തെയും പ്രതികരിച്ചിട്ടുണ്ടന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് നടപ്പാതയിലൂടെ സ്കൂട്ടറുമായി പോയയാളെ പ്രഭാവതി അമ്മ തടഞ്ഞത്. റോഡിലെ തിരക്കിനിടയില്‍ നടപ്പാതയിലൂടെ 'ഷോര്‍ട്ട് കട്ട്' എടുക്കാന്‍ നോക്കിയ യുവാവിനെയാണ് അമ്മൂമ്മ നിയമം പഠിപ്പിച്ച് തിരിച്ചയച്ചത്. ഒരു വ്‍ളോഗര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും നിമിഷ നേരം കൊണ്ടാണ് വൈറലായത്.