തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലം വെച്ചുമാറുന്നതിൽ യു.ഡി.എഫിൽ അനിശ്ചിതത്വം തുടരുന്നു. 1991 മുതൽ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി സീറ്റിൽ സമുദായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നാണ് സിറോ മലബാർ സഭയുടെ ആവശ്യം. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്.
എന്നാൽ മത്സരിച്ചുവരുന്ന സീറ്റ് വെച്ചുമാറേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലീംലീഗിന്റെ ജില്ലാ, പ്രാദേശിക നേതൃത്വം. സീറ്റുവിട്ടു കൊടുത്താൽ പാർട്ടിക്ക് ലഭിച്ചുവരുന്ന വലിയൊരു ശതമാനം വോട്ടുകൾ യുഡിഎഫിന് നഷ്ടമാകുമെന്നാണ് ലീഗ് വിലയിരുത്തൽ. തിരുവമ്പാടി കോൺഗ്രസിന് വിട്ടുകൊടുത്താൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ലീഗിന് ഒരു നിയമസഭാ മണ്ഡലം മാത്രമേ ഉണ്ടാകൂ എന്നും ലീഗ് നേതൃത്വം പറയുന്നു.
തിരുവമ്പാടി സീറ്റ് ഏറ്റെടുക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിരുന്ന കോൺഗ്രസിന് പകരം വെച്ചുമാറേണ്ട മണ്ഡലം ഏതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുക്കാനും ആയിട്ടില്ല. നേരത്തെ സിഎംപിയെ പരിഗണിക്കുന്നതിനായി തിരുവമ്പാടി സീറ്റ് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മലപ്പുറത്തെ തവനൂർ അല്ലെങ്കിൽ വണ്ടൂർ സീറ്റാണ് മുസ്ലിം ലീഗ് പകരം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതും കോൺഗ്രസിന് പ്രതിസന്ധിയാണ്.
സീറ്റ് വെച്ചുമാറ്റം നടന്നില്ലെങ്കിൽ വിജയസാധ്യത പരിഗണിച്ച് ഒറ്റത്തവണത്തേക്ക് മാത്രമായി സി.എം.പി നേതാവ് സി.പി.ജോണിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കണമെന്ന് മുന്നണി തലത്തിൽ കോൺഗ്രസ് ധാരണാ നിർദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്.
മുസ്ലീം ലീഗ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുകയാണെങ്കിൽ ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ.കാസിമിനാണ് കൂടുതൽ സാധ്യത. എന്നാൽ ക്രിസ്ത്യൻ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ട് സഭകളുമായി അടുത്ത ബന്ധമുള്ള ഒരു പൊതുസ്വതന്ത്രനെ ലീഗിന്റെ പിന്തുണയിൽ മത്സരിപ്പിക്കുകയെന്ന നിർദേശവും പ്രാദേശികതലത്തിൽ ഉയർന്നിട്ടുണ്ട്. സിറ്റിങ് എം.എൽ.എ ആയ ലിന്റോ ജോസഫ് തന്നെയാണ് ഇത്തവയും തിരുവമ്പാടിയിൽ എൽ.ഡി.എഫിന്റെ സ്ഥാനാർഥിയാവുക എന്നാണ് വിവരം.