കൊല്ലം: വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. പ്രത്യേക ഗാനം പാടുന്നതിലൂടെ മാത്രം രാജ്യസ്നേഹം അളക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കൃത്രിമമായ ദേശസ്നേഹ പ്രകടനങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും സംസ്ഥാന പ്രസിഡന്റ് ഒ.അബ്‌ദുറഹ്‌മാൻ ഹസ്രത്ത് പറഞ്ഞു. വർഗീയധ്രുവീകരണം ലക്ഷ്യംവെക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് ഭരണകൂടം പിന്തിരിയണമെന്നും ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
'വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിക്കുമ്പോഴും അത് ആലപിക്കുന്നത് നിർബന്ധമാക്കരുതെന്ന വ്യക്തമായ നിലപാടാണ് ഭരണഘടനാ ശിൽപികൾ സ്വീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസപരമായ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് ജനഗണമന ദേശീയ ഗാനമായി തിരഞ്ഞെടുത്തത്. ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത ആ സഹിഷ്ണുതയെ തകർക്കാനാണ് ചിലർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം പൗരന്മാർക്ക് നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. സ്വന്തം വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ ഒരു പൗരനെയും ഭരണകൂടത്തിനോ ഇതര സംഘടനകൾക്കോ നിർബന്ധിക്കാനാവില്ലെന്ന് 1986ലെ ബിജോ ഇമ്മാനുവൽ കേസിൽ സുപ്രിംകോടതി വ്യക്തമാക്കിയതുപോലെ, സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഒരാളെയും നിർബന്ധിക്കാനാവില്ല'.
പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ വൈവിധ്യങ്ങളെയും മതപരമായ പ്രത്യേകതകളെയും മാനിക്കുന്നതാണ് യഥാർഥ മതേതരത്വമെന്നും വിവാദങ്ങളുണ്ടാക്കി വർഗീയധ്രുവീകരണം ലക്ഷ്യംവെക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും ഭരണകൂടം ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു. ആചാരപരമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമല്ലെന്നും നേതാക്കൾ പ്രസ്താനയിൽ കൂട്ടിച്ചേർത്തു.