കോഴിക്കോട്: ഗവ. മെഡിക്കോ ളജിലെ പി.എം.എസ്.വൈ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗത്തിൽ സി.ടി സ്കാൻ പണിമുടക്കിയത് രോഗികളെ ദുരിതത്തിലാക്കുന്നു. ഇതോടെ അപകടത്തിൽ പരിക്കേറ്റും മറ്റും എത്തുന്നവർക്ക് സി.ടി സ്കാൻ എടുക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാൻ യൂനിറ്റിലേക്ക് പറഞ്ഞയക്കുകയാണ്. ഇത് രോഗികളുടെ ദുരിതം വർധിപ്പിക്കുകയും ചികിത്സ വൈകാനിടയാക്കുകയും ചെയ്യുന്നുണ്ട്.
ആശുപത്രിയിലെ 15ാം യൂനിറ്റ് സി.ടിയിൽ നേരത്തെ ബുക്ക് ചെയ്ത് പരിശോധനക്ക് എത്തിയവർ തന്നെ കാത്തിരിക്കുന്നതിൽ അത്യാഹിത വിഭാഗത്തിൽ നിന്നെത്തുന്നവർ പരിശോധനക്ക് ഏറെ കാത്തിരിക്കേണ്ടിവരുന്നുണ്ട്. പരിക്കേറ്റ് വീൽച്ചെയറിൽ ട്രോളിയിലും മാത്രം സഞ്ചിരിക്കാൻ കഴിയുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ നിന്ന് ലിഫ്റ്റ് വഴി ഒന്നാംനിലയിൽ കയറ്റി ആകാശ പാത വഴി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവേണം പരിശോധന നടത്താൻ. പരിക്കും അത്യാഹിതവുമേറ്റെത്തുന്ന രോഗികളെ ഇത് പ്രയാസത്തിലാക്കുന്നു. പ്രായമായവരും സ്ത്രീകളും മാത്രം കൂട്ടിരിക്കാരായുള്ളവരാണ് വലിയ പ്രതിസന്ധി നേരിടുന്നത്.
സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടയാണ് പലരും രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാൻ യൂനിറ്റിൽ എത്തിച്ച് പരിശോധന നടത്തി തിരികെ എത്തിക്കുന്നത്. സാങ്കേതിക തകരാറുകളാണ് പ്രവർത്തനം മുടങ്ങാൻ കാരണമെന്നും തകരാർ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി ആരംഭിച്ചതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.