ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ 14 വയസുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈംഗികപീഡനത്തിനിരയാക്കി. നാല് വർഷത്തോളമായി പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് പൊലീസ് അറിയിച്ചു. ബന്ധുവായ സുഹൃത്തിനോട് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് പൊലീസ് അന്വേഷിച്ചത്. പെൺകുട്ടിയുടെ അച്ഛനെയും രണ്ട് ബന്ധുക്കളെയും അറസ്റ്റ് ചെയ്തു.
അച്ഛന്റെ രണ്ടാം ഭാര്യയിലുള്ളതാണ് പെൺകുട്ടി. എട്ടാം വയസിൽ മാതാവിന്റെ സഹോദരനിൽനിന്നും പെൺകുട്ടി പീഡനം ഏറ്റുവാങ്ങിയിരുന്നു. ഇതിൽ സൗത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു.
രണ്ടാംഭാര്യ പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ, അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് കുട്ടിയെ മാറ്റി. ഇവിടെവെച്ച് അച്ഛന്റെ സഹോദരിയിൽനിന്ന് കടുത്ത ദേഹോപദ്രവം ഏറ്റതോടെ കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.