കോഴിക്കോട്: സുന്നി ഐക്യം യാഥാർഥ്യമാകുന്നതിൽ മുൻപന്തിയിലുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഐക്യത്തിൻ്റെ കാര്യത്തിൽ ലീഗും പാണക്കാട് കുടുംബവും ഒറ്റക്കെട്ടായി മുൻപന്തിയിലുണ്ടാകും. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയല്ല ഐക്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾ കൂടുതലായി രംഗത്തുവന്നാൽ പൊതുസമൂഹത്തിന് നല്ല പ്രതീക്ഷയുണ്ടാകുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
'സുന്നി ഐക്യത്തെ കുറിച്ച് സജീവമായി ചർച്ചകൾ നടക്കുന്നുണ്ട്. ജിഫ്രി തങ്ങൾ ആദ്യം ഒരു ആഹ്വാനം നടത്തി. ഇന്നലെ കാന്തപുരം ഉസ്താദും അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. അതിൽ സന്തോഷമുണ്ട്. സുന്നി ഐക്യത്തിന് നേരത്തെ തന്നെ ശ്രമം നടന്നിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയതാണ്. സമുദായത്തിന്റെയും സമൂഹത്തിന്റെയും ഐക്യത്തിന്റെ കാര്യത്തിൽ മുസ്ലിം ലീഗും പാണക്കാട് കുടുംബവും ഒറ്റക്കെട്ടായി മുൻപന്തിയിൽ തന്നെയുണ്ടാകും. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയല്ല ഐക്യം. രാഷ്ട്രീയവും ഐക്യവും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ല' -അദ്ദേഹം പറഞ്ഞു.
ഐക്യ ചർച്ചകളിൽ നിന്ന് പാണക്കാട് കുടുംബത്തെ മാറ്റിനിർത്തുന്നുവെന്ന ആക്ഷേപങ്ങളെ അദ്ദേഹം തള്ളി. 'അങ്ങനെ പറയുന്നതിലൊന്നും കാര്യമില്ല. മാറിനിൽക്കുകയില്ല, മാറ്റിനിർത്താനുമാകില്ല. ഈ കാര്യത്തിലും എല്ലാവരും ഞങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ട്. എല്ലാവരെയും ചേർത്തുനിർത്താൻ പാരമ്പര്യമായിത്തന്നെ നിയോഗമുള്ളവരാണല്ലോ ഞങ്ങൾ' -അദ്ദേഹം വ്യക്തമാക്കി.
'തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ ഭദ്രമായ സീറ്റുകൾ ഏതാണെന്ന് എല്ലാ പാർട്ടികളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫിനെ അധികാരത്തിലേറ്റുക എന്നതാണ് ലക്ഷ്യം. ചർച്ചകളിൽ പല വിഷയങ്ങളും ഉയരുന്നത് സ്വാഭാവികമാണ്. പുതിയ ആളുകൾ മത്സരരംഗത്തേക്ക് വരികയെന്നത് സ്വാഭാവികമാണ്. പ്രാഗത്ഭ്യവും വിജയസാധ്യതയും നോക്കിയാണ് സ്ഥാനാർഥികളെ നിർത്തുക. യുവാക്കൾ രംഗത്തുവന്നാൽ പൊതുസമൂഹത്തിന് നല്ല പ്രതീക്ഷയുണ്ടാകും എന്നതിൽ തർക്കമില്ല.' - പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.