ന്യൂദല്‍ഹി:ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്ത ഉപഭോക്താക്കളില്‍ നിന്ന് പിഴിയീടാക്കുന്നത് ഒഴിവാക്കാന്‍ പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചു.
2024-25 സാമ്പത്തികവര്‍ഷം മാത്രം രാജ്യത്തെ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 4,818 കോടി രൂപയാണെന്നും മുതിര്‍ന്ന ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മിനിമം ബാലന്‍സ് ഇല്ലാത്തതിന് ചുമത്തുന്ന പിഴ വളരെ കൂടുതലാണെന്നും ഇത് അക്കൗണ്ട് ഉടമകള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് സമ്മര്‍ദമുണ്ടാക്കുമെന്നും കമ്മിറ്റി വിലയിരുത്തി.
സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്കുമേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കണം. പിഴയ്‌ക്കു പകരം റിവാര്‍ഡ് പോയിന്റുകള്‍ ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കി ഉയര്‍ന്ന തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.