കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ യുവതിയുടെ വയറ്റിൽ നിന്നും സ്വർണം പുറത്തെടുക്കാനുള്ള പൊലീസിന്റെ അഞ്ച് ദിവസം നീണ്ട കാത്തിരിപ്പ് നാടകീയമായി അവസാനിച്ചു. എന്നാൽ, പൊലീസിനെ വെട്ടിച്ചുകൊണ്ട് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിയാത്ത വിധം പ്രതി അത് നശിപ്പിച്ചു. കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സമീന (35), മാല പുറത്തുവന്നപ്പോൾ പൊലീസുകാർ കാണാതെ ക്ലോസറ്റിലൊഴുക്കി കളഞ്ഞു. ഇതോടെ തൊണ്ടിമുതൽ കണ്ടെടുക്കാനാവാതെ പൊലീസ് പ്രതിസന്ധിയിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ കബളിപ്പിച്ചാണ് പ്രതി സ്വർണം നശിപ്പിച്ചത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ 3.5 ഗ്രാം സ്വർണമാലയാണ് പാലേമാട് സ്വദേശിനി സമീന വിഴുങ്ങിയത്. എക്സ്റേയിൽ ആഭരണം കണ്ടെത്തിയെങ്കിലും വയറിളക്കാനുള്ള മരുന്ന് നൽകിയിട്ടും മാല പുറത്തുവന്നില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ഇവരെ പാർപ്പിച്ചു. ഇതിനിടെ നടത്തിയ സ്കാനിംഗിൽ വയറ്റിൽ മറ്റൊരു സ്വർണ്ണക്കമ്മൽ കൂടി കണ്ടെത്തിയത് കേസിൽ വലിയ ദുരൂഹതയുണ്ടാക്കിയിരുന്നു.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു പൊലീസിന്റെ കാത്തിരിപ്പ്. ആഭരണം ആമാശയത്തിൽ നിന്ന് താഴേക്ക് എത്തിയതായും സ്വാഭാവികമായി പുറത്തുവരുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ, ആഭരണം പുറത്തുവന്ന സമയം കൃത്യമായി മറച്ചുവെച്ച സമീന, പൊലീസിന്റെ കണ്ണുവെട്ടിച്ച് അത് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.