തിരുവനന്തപുരം: ലോവർ പ്രൈമറി സ്‌കൂൾ അധ്യാപകനിയമനം വഴിമുട്ടിയ അവസ്‌ഥയിൽ. പത്തുജില്ലകളിൽ അടുത്ത അധ്യയന വർഷത്തിൽ ഒരൊഴിവ് പോലുമില്ല. കുട്ടികൾ കുറഞ്ഞതുകാരണം ഡിവിഷനുകൾ ഇല്ലാതായതും പുനർവിന്യാസത്തിന് ഫലപ്രദമായ സംവിധാനമില്ലാത്തതുമാണ് കാരണം. കഴിഞ്ഞവർഷം മേയ് 31 ന് നിലവിൽ വന്ന ആറായിരത്തിലേറേപ്പേർ ഉൾപ്പെട്ട എൽ.പി സ്‌കൂൾ റാങ്ക് പട്ടികയിൽ നിന്ന് 109 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
കോവിഡ് മഹാമാരി കേരളത്തെ ഗ്രസിച്ചിരുന്ന കാലത്ത് സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ ധാരാളമായെത്തിയെങ്കിൽ ഇപ്പോൾ അവസ്‌ഥമാറി. ജനനനിരക്ക് വൻതോതിൽ കുറഞ്ഞു. ഫലമോ ലോവർ പ്രൈമറി സ്കൂളുകളിൽ പുതുതായി കുട്ടികളെത്തുന്നില്ല. അധ്യാപകരുടെ ജോലി സാധ്യതകളും വൻതോതിൽ കുറഞ്ഞു. അതേസമയം എയ്‌ഡഡ് സ്‌കൂളുകളിൽ പ്രശ്‌നം ഇത്ര ഗുരുതരമല്ല.
കഴിഞ്ഞവർഷം മേയ് 31 ന് നിലവിൽ വന്ന ജില്ലാഅടിസ്ഥാനത്തിലുള്ള റാങ്ക് പട്ടികയിൽ നിന്ന് നിയമനം ലഭിച്ചത് 109 പേർക്കുമാത്രം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിൽ നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടില്ല. 14 ജില്ലകളിലുമായി ആറായിരത്തി ഒരുനൂറ്റി നാൽപ്പത്തിയേപേർ ഉൾപ്പെട്ട റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുടെ അവസ്‌ഥയാണിത്. ഇതിൽ ആയിരത്ത ഞ്ഞൂറിലേറെപ്പേർ മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി എന്നിവരെ നേരിൽക്കണ്ട് ഇവർ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി. അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പിൽ മാത്രമാണ് ഇവരുടെ പ്രതീക്ഷ.