ബെംഗളൂരു: കോടികളുടെ ലഹരിമരുന്നുമായി മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. നാല് വ്യത്യസ്ത ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് വിദേശികൾ ഉൾപ്പെടെ പിടിയിലായത്. നഗരത്തിന്റ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ ഉൾപ്പെടെ ലഹരി വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത് എന്ന് പൊലീസ് അറിയിച്ചു
തായ്ലൻഡിൽ നിന്ന് വിമാന മാർഗം ഹൈഡ്രോ കഞ്ചാവ് കടത്തിയ സംഭവത്തിലാണ് മലയാളികളായ അജ്മലും മജീദും ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. ലേസ് പാക്കറ്റുകളിലും ചോക്കലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചാണ് ഇവർ 5 കിലോ ഹൈഡ്രോ കഞ്ചാവ് എത്തിച്ചത്. വിപണിയിൽ 5 കോടി രൂപ വിലവരുന്നതാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ പലതവണ സമാന രീതിയിൽ ഇവർ ലഹരി കടത്തിയിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തായ്ലൻഡിൽ നിന്ന് ലഹരി എത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തെ കഴിഞ്ഞ മാസം ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ഈ സംഘത്തിൽപ്പെട്ടവർ തന്നെയാണ് ഇപ്പോൾ പിടിയിലായവരും.
ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് രണ്ട് വിദേശികളും പിടിയിലായത്. സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇബ്രാഹിം നേരത്തെ പലതവണ ലഹരി കേസുകളിൽ പിടിയിലായിട്ടുള്ളയാളാണ്. മാറത്തഹള്ളി, അരുണാപ്രദേശ്, ദില്ലി എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇബ്രാഹിമിന്റെ പക്കൽ നിന്ന് 11 കോടിരൂപ വിലവരുന്ന 5 കിലോ എംഡിഎംഎ പൊലീസ് കണ്ടെടുത്തു.