കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകി. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. ഭരണപരമായ കാര്യങ്ങളിൽ അല്ല ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് പങ്ക് എന്നായിരുന്നു തന്ത്രിയുടെ വാദം. സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ഹാജരാക്കുന്നതിൽ പ്രത്യേക അന്വേഷണസംഘവും പരാജയപ്പെട്ടു. ഇതൊക്കെ പരിഗണിച്ചാണ് തന്ത്രിയുടെ ജാമ്യം. തന്ത്രിയുടെയും കുടുംബത്തിന്റെ്റെയും ബാങ്ക് നിക്ഷേപ രേഖകളും പോറ്റിയുമായി ഉള്ള ബന്ധം സംബന്ധിച്ച വിവരങ്ങളും എസ്ഐടി കോടതിയിൽ സമർപ്പിച്ചുവെങ്കിലും ജാമ്യം ലഭിക്കുന്നത് തടയാനായില്ല. കർശന ഉപാധികളോടെയാണ് തന്ത്രിയുടെയും ജാമ്യം.
ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം അവസാനം അറസ്റ്റ് ചെയ്തതും തന്ത്രിയെയാണ്. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ബന്ധം, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും പ്രതിഭാഗം ജാമ്യ ഹരജിയിൽ വാദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയത്.
തന്ത്രിയുടെ പേരിൽ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന്, അന്വേഷണസംഘം കോടതിയെ അറിയിച്ചു. തന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വാദങ്ങളെ പ്രതിഭാഗം പൂർണമായും എതിർത്തു. അനുകൂല വിധി വന്നാൽ തന്ത്രിക്ക് ജയിൽ മോചിതൻ ആകാൻ കഴിയും. അതേസമയം ജാമ്യഹരജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.