കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ ഓടയിലേക്ക് തെറിച്ചുവീണു. മാനാഞ്ചിറ- മലാപ്പറമ്പ് റോഡില്‍ നിര്‍മ്മാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരന്‍ വീണത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒളവണ്ണ സ്വദേശി നിസാറിനാണ് പരിക്കേറ്റത്.
സ്‌കൂട്ടറിന് മുമ്പിലായി ഒരു കാറുണ്ടായിരുന്നു. കാര്‍ ഇടതുഭാഗത്തേക്ക് ഇന്റിക്കേറ്ററിട്ട് തിരിയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ ബ്രേക്ക് ചെയ്തപ്പോള്‍ റോഡിലെ മണലില്‍ തെന്നി സ്‌കൂട്ടര്‍ ചെരിഞ്ഞുവീഴുകയും യാത്രികന്‍ തെറിച്ച് ഓടയിലേക്ക് വീഴുകയായിരുന്നു. യാതൊരു മുന്‍കരുതലുമില്ലാതെയാണ് ഓടയുടെ പ്രവൃത്തി നടക്കുന്നത്.
ഓടയുടെ കൂര്‍ത്ത കമ്പികള്‍ തള്ളിനില്‍ക്കുന്ന സ്ഥിതിയുണ്ട്. ഇതില്‍ തട്ടി നിസാറിന്റെ കൈയ്ക്ക് മുറിവുപറ്റിയിട്ടുണ്ട്. തല കുത്തിയാണ് നിസാര്‍ ഓടയിലേക്ക് വീഴുന്നത്. ഹെല്‍മറ്റ് ഇട്ടതിനാല്‍ തലയ്ക്ക് പ്രത്യക്ഷത്തില്‍ വലിയ പരിക്കൊന്നും സംഭവിച്ചിട്ടില്ല.