ആലപ്പുഴ: അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി. അമ്പലപ്പുഴ കോമന പുതുവൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ അഭിഷേക് (11) നെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.അഭിഷേകിനായി കോസ്റ്റൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
കെ.കെ കുഞ്ചു പിള്ള സ്‌മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. കുട്ടി വൈകീട്ട് സ്കൂളിൽ നിന്ന് വന്ന ശേഷം ചായ കുടിച്ചിട്ട് കളിക്കാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു. ഇതിനിടയിൽ അഭിലാഷ് കടലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്ത് കടൽഭിത്തിക്ക് മുകളിൽ കണ്ടെത്തിയിരുന്നു. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. വസ്ത്രം കല്ലിൽ വെച്ചിട്ട് കടലിൽ കുളിക്കാനിറങ്ങിയതായിരിക്കാമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.
മത്സ്യതൊഴിലാളികൾ കടലിൽ പൊന്തുവള്ളത്തിലും, മറ്റ് വള്ളങ്ങളിലും തെരച്ചിൽ ആരംഭിച്ചു. അമ്പലപ്പുഴ പൊലീസും, നാട്ടുകാരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.