തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം വീതം സ്കോളർഷിപ്പ് നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭപുരസ്കാരം (CM Scholarship) പദ്ധതിയിലേക്ക് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. 2023-24 അദ്ധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.
കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ (3/4/5 വർഷ കോഴ്സുകൾ) പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബിരുദതല പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയവർക്കാണ് അർഹത. സർവകലാശാല നിശ്ചയിച്ച മാർക്ക് കണക്കാക്കൽ രീതിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് നേടിയവരിൽ നിന്നും സ്കോളർഷിപ്പിന് അർഹരായവരെ തെരഞ്ഞെടുക്കും. അപേക്ഷകരുടെ വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ്/കൺസൊളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. പൂർണമായും ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്-
https://cmprathibhapuraskaram.kerala.gov.in/