മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിൻ്റെ റിമാന്റ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. പൊലീസ് ഐഡി കാർഡ് കാണിച്ചാണ് ഫിലിപ്പ് ഹോട്ടലിൽ മുറിയെടുത്തത്. അതിജീവിതയുടെ വീട്ടിൽ പോയി ഫിലിപ്പ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നുവെന്നാണ് ഫിലിപ്പ് അതിജീവിതയോട് പറഞ്ഞത്. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ പെൺകുട്ടിയെ കൊണ്ടുപോയതെന്നും അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപൂർവം ചെയ്ത് ഗുരുതര കുറ്റകൃത്യമാണ് ഫിലിപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാനിടയാക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസർകോട് ജില്ലയിൽ കൊണ്ടുപോയി ലോഡ്‌ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫിലിപ്പിനെ നിലമ്പൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 2025 സെപ്‌തംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. മോട്ടിവേഷണൽ സ്പീക്കറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.