ദില്ലി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും 25 പ്രതിപക്ഷ എംപിമാർക്കും നേരെ വെടിയുതിർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. സാമൂഹിക മാധ്യമത്തിൽ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ രാജ് സിംഗ് ആണ് പിടിയിലായത്. കർണി സേനയുടെ വക്താവ് എന്നാണ് രാജ് സിംഗ് വീഡിയോയിൽ സ്വയം പരിചയപ്പെടുത്തിയത്.
പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭയിൽ 25 കോൺഗ്രസ് എംപിമാർ സ്പീക്കർ ഓം ബിർളയെ അധിക്ഷേപിച്ചതിൽ എല്ലാ ബിജെപി, കർണിസേന പ്രവർത്തകരും രോഷാകുലരാണെന്ന് വീഡിയോയിൽ പറയുന്നു- "ഇത്തരം ഒരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ ആ എംപിമാരുടെ വീടുകളിൽ കയറി എല്ലാം തകർക്കും. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ഈ സംഭവം നടന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. രാഹുൽ ഗാന്ധി, ശ്രദ്ധിച്ചു കേട്ടോളൂ ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി വെടിവയ്ക്കും. ആ എംപിമാരെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്താൽ കുഴപ്പമില്ല. അല്ലെങ്കിൽ ഞങ്ങൾ അവരെയെല്ലാം ഒന്നൊന്നായി വെടിവച്ചുകൊല്ലും".