വയനാട് :വയനാട് തേറ്റമലയിൽ വയോധികയെ കൊലപ്പെടുത്തിയ സംഭവം പ്രതിയുമായി തെളിവെടുപ്പ് നടത്തി.നാടിനെ നടുക്കിയ കൊലപാതകത്തിൽ അയൽവാസി ഹക്കീം കുറ്റം മറച്ചുവെക്കാൻ ചെയ്തത് വൻ ആസൂത്രണം.
തെളിവെടുപ്പിനിടെ നാട്ടുകാർ രോഷാകുലരായി. കൊല്ലപ്പെട്ട കുഞ്ഞാമിയെ കാണാനില്ലെന്ന് നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിൽ ആദ്യം ശബ്ദം സന്ദേശം അയച്ചത് പ്രതി ഹക്കീം ആയിരുന്നു.കുഞ്ഞാമിയെ കൊലപ്പെടുത്തി കിണറ്റിലിട്ട ശേഷം തെരച്ചിലിനും പ്രതി മുന്നിലുണ്ടായിരുന്നു. 75 വയസ്സുള്ള കുഞ്ഞാമിയെ നാല് പവൻ സ്വർണത്തിന് വേണ്ടിയാണ് അയൽവാസിയായ ഹക്കീം കൊലപ്പെടുത്തിയത്.സ്വർണാഭരണങ്ങൾ കവരാൻ മറ്റാരുമില്ലാത്തപ്പോൾ വീട്ടിലെത്തിയ ഹക്കീം കുഞ്ഞാമിയെ മുഖം പൊത്തി ശ്വാസം മുട്ടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് പുറത്തിറങ്ങി തേറ്റമല ടൗണിൽ പോയി കാറുമായി എത്തി മൃതദേഹം ഡിക്കിയിലാക്കി അരകിലോമീറ്റർ അകലെയുള്ള ഉപയോഗമില്ലാത്ത കിണറ്റിൽ തള്ളി.
ഇതിന് ശേഷമാണ് നാടകീയമായ തെരച്ചിലിനായി മുന്നിട്ടിറങ്ങിയത്. മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുക്കുമ്പോഴും പൊലീസ് ഇൻക്വസ്റ്റ് നടത്തുമ്പോഴും പ്രതി സ്ഥലത്തുണ്ടായിരുന്നു.
എന്നാൽ വെള്ളമുണ്ടയിലെ സ്വകാര്യ ബാങ്കിൽ ഹക്കീം സ്വർണം പണയം വെച്ചെന്ന വിവരം പൊലീസിന് ലഭിച്ചതാണ് നിർണായകമായത്.
വാർധക്യ സഹജമായ അവശതകൾ ഉണ്ടായിരുന്ന കുഞ്ഞാമി ഇത്രയും ദൂരം നടന്നുപോകാൻ ഇടയില്ലെന്ന സംശയമാണ് സംഭവം കൊലപാതകമാണെന്ന് സംശയത്തിന് വഴിവെച്ചത്.