കർഷകരോടുള്ള സർക്കാർ അവഗണനക്കെതിരെ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി നടത്തി സഹകരണ ജോ. രജിസ്ത്രാർ ഓഫീസ് ധർണ്ണ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: കർഷകരും, കാർഷിക മേഖലയും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോൾ കർഷകരുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്ന് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പ്രസ്താവിച്ചു.
കർഷകരോടുള്ള സർക്കാർ അവഗണനക്കെതിരെ സഹകരണ വകുപ്പ് ജോ.രജിസ്ത്രാർ ഓഫീസിനു മുൻപിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും വാരിക്കോരി കൊടുക്കുമ്പോൾ കർഷകർക്ക് കൈ കുമ്പിളിൽ പോലും കൊടുക്കാൻ സർക്കാറുകൾ തയ്യാറാകുന്നില്ലെന്നതാണ് കർഷകരുടെ അനുഭവങ്ങൾ. കർഷകർ രാജ്യത്തെ അന്നദാതാക്കളാണെന്ന് പ്രസംഗിക്കുന്നതിന് കാണിക്കുന്ന ആവേശവും ഉൽസാഹവും കർഷകരെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ ഉണ്ടാവാതെ പോകുന്നതായി അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശം, വന്യമൃഗ ശല്യം, കടക്കെണി, ജപ്തി, ഭൂമി പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിരവധി ഗൗരവമായ പ്രശ്നങ്ങൾ കർഷകരെ അലട്ടുമ്പോഴും കർഷക സൗഹൃദ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ വിമുഖത കാണിക്കുകയാണ്. ഇ.എസ്.എ വിഷയത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി നടത്തുന്നതായാണ് വ്യാപകമായ പരാതി. ഇ.എസ്.എ കാര്യത്തിൽ സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാത്തത് മലയോര വാസികളെ ഉൽഖണ്ഠാകുലരാക്കുന്നതായി അദ്ദേഹം പറഞ്ഞു. കഠിനവെയിലും അതി തീവ്ര മഴയും സൃഷ്ടിച്ച കൃഷിനാശവും കർഷകന്റെ ദുരിതവും നിയമസഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പോലും അംഗീകരിക്കാത്ത സർക്കാറാണ് കേരളത്തിലേത്. മുൻവർഷങ്ങളിലെകെടുതിയുടേ നഷ്ടപരിഹാരം കാത്ത് കഴിയുകയാണ് സംസ്ഥാനത്തെ കർഷകർ.വിള ഇൻഷ്വറൻസ് ഉപ്പെടെയുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കാനുണ്ട്.
വന്യജീവികളുടെ നിരന്തര അക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്.വന്യജീവികളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്ന കാര്യത്തിൽ വനം വകുപ്പും സർക്കാറും വൻ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ പ്രസംഗിച്ചു. സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.
കൈനാട്ടിയിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ മുസ്‌ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് എൻ.കെ. റഷീദ് ഫ്ലാഗ് ഓഫ് ചെയ്തു. തന്നാണി അബുബക്കർ ഹാജി, മായൻ മുതിര, ഖാലിദ് വേങ്ങൂർ, സലീം കേളോത്ത്, ഷംസുദ്ദീൻ ബിതർക്കാട്, അസീസ് പൊഴുതന, ഇബ്രാഹിം തൈ തൊടി, ലത്തീഫ് അമ്പലവയൽ, എ.കെ. ഇബ്രാഹിം, കെ.കെ. ഇബ്രാഹിം, പോക്കർ കോറോം, കല്ലിടുമ്പൻ അസൈനാർ, പി.കെ.മൊയ്തീൻ കുട്ടി, ഉസ്മാൻ പള്ളിയാൽ, സി.സി ഖാദർ ഹാജി, ഉസ്മാൻ പഞ്ചാര, പനന്തറ മുഹമ്മദ് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഹംസ ഹാജി കല്ലിടുമ്പൻ നന്ദി പറഞ്ഞു.