കുന്നമംഗലം ∙ പഴയ ബസ് സ്റ്റാൻഡിൽ കയറാതെ ബസുകൾ ദേശീയപാതയോരത്ത് നിർത്തി യാത്രക്കാരെ ഇറക്കുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നതായി പരാതി. കോഴിക്കോട് നഗരത്തിലേക്കും കുന്നമംഗലത്ത് യാത്ര അവസാനിപ്പിക്കുന്ന ബസുകൾക്കുമാണ് പഴയ ബസ് സ്റ്റാൻഡിൽ കയറ്റി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുമതി.
തിരക്കേറിയ സമയത്ത് പോലും ബസ് സ്റ്റാൻഡിന് പുറത്ത് റോഡരികിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നത് സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്ന മറ്റു ബസുകൾക്ക് സമീപത്താണ്. ബസ് സ്റ്റാൻഡ് പരിസരത്ത് കാത്തുനിൽക്കുന്ന യാത്രക്കാർ ബസിൽ കയറാൻ റോഡിലേക്ക് ഓടുന്നതും മറ്റു വാഹനങ്ങൾക്ക് ഇടയിലൂടെയാണ്. ഇറക്കവും ജംക്‌ഷനുമുള്ള ഭാഗത്ത് റോഡരികിൽ ബസ് പോലുള്ള വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം പിറകിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റാനും അപകടങ്ങൾക്കും കാരണമാകാറുണ്ട്.
ബസ് സ്റ്റാൻഡ് പരിസരത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ നടപ്പാത ഇല്ലാത്തതും സ്റ്റാൻഡിൽ കയറാതെ റോഡരികിൽ നിർത്തുന്ന ബസുകൾ അരികിലേക്ക് പരമാവധി ഒതുക്കി നിർത്തുന്നതും മൂലം വാതിലുകൾ ദേഹത്ത് തട്ടിയും മറ്റും കാൽനട യാത്രക്കാർക്കു പരുക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബസ് സ്റ്റാൻഡിന് മുൻപിൽ നിർത്തിയ ബസിന് പിറകിൽ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചത് അടക്കം ഒട്ടേറെ അപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിച്ചത്.
ഗതാഗത ക്രമീകരണം നടപ്പിലാക്കുന്ന സമയങ്ങളിൽ ബസ് സ്റ്റാൻഡിൽ ബസുകൾ കയറ്റി യാത്രക്കാരെ ഇറക്കുന്നതു കർശനമായി നടപ്പിലാക്കും എന്ന് അധികൃതർ പറയാറുണ്ടെങ്കിലും ഏതാനും ദിവസങ്ങൾ കൊണ്ട് എല്ലാം പഴയ പടി ആകുന്ന അവസ്ഥയാണ്. അതേസമയം ബസ് സ്റ്റാൻഡിൽ കൂടുതൽ ബസ് ഒരേസമയം പാർക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തതും മുൻപിലെ ബസ് പോകുന്നത് വരെ കാത്തു നിൽക്കേണ്ട സാഹചര്യം ഗതാഗതക്കുരുക്കിനും മറ്റും ഇടയാക്കുമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്