റിയാദ്: വാഹനാപകടത്തിൽ ഫലസ്തീൻ ബാലൻ മരണപ്പെട്ട കേസിൽ എട്ട് വർഷമായി സഊദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി ജയിൽ മോചിതനായി. കൊല്ലം അഞ്ചൽ സ്വദേശി ഷാജഹാൻ ആണ് മോചിതനായത്. കഴിഞ്ഞ 23 വർഷമായി അൽഖർജിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഷാജഹാൻ ഓടിച്ചിരുന്ന വാഹനം അൽഖർജിലുള്ള ഒരു ഫലസ്തീൻ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് 16 വയസ്സായ കുട്ടി മരണപ്പെടുകയും ആ കുട്ടിയുടെ പിതാവിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഒടുവിൽ മോചനം ലഭിച്ചത്. വാഹനത്തിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ലെന്നതും സ്പോൺസർ കയ്യൊഴിഞ്ഞതോടെയും ഷാജഹാൻ ജയിലിലകപ്പെട്ടു.
ഷാജഹാന്റെ കുടുംബം അഭ്യർത്ഥിച്ചതനുസരിച്ച്, സുഹൃത്തുക്കളായ ബെന്നി ജോസഫ്, അഷ്‌റഫ് വീരാജ്പേട്ട് എന്നിവർ അൽഖർജ് കെഎംസിസി ഭാരവാഹികളായ മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി, ഇസ്മാഈൽ കരിപ്പൂർ എന്നിവരുമായി ബന്ധപ്പെട്ടു. വിഷയത്തിൽ ഇടപെടാൻ കുടുംബത്തിൻ്റെ പ്രതിനിധിയായി സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന് ഇന്ത്യൻ എംബസിയിൽ നിന്ന് അനുമതി പത്രവും ലഭിച്ചു. ശേഷം മരണപ്പെട്ട കുട്ടിയുടെ പിതാവും മറ്റു കുടുംബാംഗങ്ങളുമായും, സ്പോൺസറുമായും സംസാരിച്ച് നാലര ലക്ഷം റിയാൽ എന്ന വലിയ തുകയിൽ നിന്ന് ദിയാധനം ഒഴിവാക്കിപ്പിക്കുകയും, ചികിത്സക്ക് വേണ്ടി ചെലവായ തുകയിൽ നിന്ന് 80,000 സഊദി റിയാൽ മാത്രം നൽകിയാൽ മതിയെന്നും, ഒരു മാസത്തിനകം ഈ തുക നൽകിയാൽ കേസ് പിൻവലിക്കാമെന്നും ഫലസ്തീനി കുടുംബത്തിൽ നിന്നും ഉറപ്പ് വാങ്ങി.
തുടർന്ന് സഊദി കൊല്ലം ജില്ല കെഎംസിസി ഭാരവാഹികളായ നജീം അഞ്ചൽ, ഫിറോസ് കൊട്ടിയം തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടിൽ വാർഡ് മെമ്പർ നസീർ പത്തടി, റാഫി പത്തടി എന്നിവരുടെ സഹകരണത്തോടെ കമ്മറ്റി രൂപീകരിച്ചും സഊദിയിൽ അൽഖർജ് ഫർസാൻ ഏരിയ കെഎംസിസി കമ്മിറ്റിയുടെയും എസ്.ഐ.സി നാഷണൽ കമ്മിറ്റിയുടെയും നേതൃത്വത്തിലും ഇതിനാവശ്യമായ പണം സ്വരൂപിച്ചു.
ഈ തുക മരണപ്പെട്ട ബാലൻ്റെ കുടുംബത്തിന് കൈമാറിയ ശേഷം കേസ് ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്ന് ഒത്തുതീർപ്പായി. പിന്നീട് കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷനിലും കോടതിയിലുമെത്തി മറ്റു നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം കോടതി വിളിപ്പിച്ച് സ്വകാര്യ അവകാശം നേരത്തെ തീർപ്പായതിനാൽ പൊതു അവകാശം ഒരു മാസം ജയിൽ ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി തീർന്നതിനാൽ അടുത്ത ദിവസം തന്നെ ജയിൽ മോചിതനാകുകയും ചെയ്തു.
ഷാജഹാൻ ഓടിച്ചിരുന്ന വാഹനത്തിന് ഇൻഷൂർ ഇല്ലാത്തതാണ് ജയിലിലടക്കാൻ കാരണം. സ്പോൺസർ അദ്ദേഹത്തെ ജാമ്യത്തിെലെടുക്കാനോ, തുക അടക്കാനോ തയ്യാറാകാത്തതും വിനയായി. നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ സ്പോൺസർ ഷാജഹാനെ ജയിലിൽ സന്ദർശിച്ചെങ്കിലും സാമ്പത്തിക സഹായം ലഭിച്ചില്ല. ഈ വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്.
പ്രായമായ ഉമ്മ ഉൾപ്പെടെയുള്ള കുടുംബത്തിന് ഷാജഹാൻ്റെ ജയിൽ മോചനം വലിയ ആശ്വാസമായി. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇൻഷുറൻസ് ഉൾപ്പെടെ രേഖകൾ പരിശോധിക്കണമെന്ന് ഓർമ്മപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകർ ഇതുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു