ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.0925 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.0925 രൂപ നല്‍കണം.
മുന്‍പത്തെ റെക്കോര്‍ഡ് താഴ്ന്ന നിലവാരമായ 84.0900 ആണ് ഇന്ന് ഭേദിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും അടുത്തയാഴ്ച നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പുമാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. കൂടുതല്‍ താഴാതിരിക്കാന്‍ ആര്‍ബിഐ ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് വിപണി വിദഗ്ധര്‍.
ഒക്ടോബറില്‍ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. തൊട്ടുമുന്‍പത്തെ മാസം 700 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയ സ്ഥാനത്താണ് ഈ യൂ ടേണ്‍.