കോടഞ്ചേരി: രണ്ട് ദിവസങ്ങളിലായി വേളംകോട് സെന്റ് ജോർജസ് എച്ച് എസ് എസ് ൽ വെച്ച് നടന്ന താമരശ്ശേരി ഉപജില്ലാ കലാമേളയിൽ എൽ പി വിഭാഗത്തിൽ 65 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ.
യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ഹൈസ്‌കൂൾ വിഭാഗത്തിൽ ഓവറോൾ നാലാം സ്ഥാനവും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ എൽ പി, യു പി വിഭാഗത്തിൽ ഓവറോൾ നാലാം സ്ഥാനവും ഹൈസ്‌കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ കലോത്സവത്തിൽ ആദ്യമായി ഉൾപെടുത്തിയ ഗോത്ര കലാരൂപങ്ങളായ ഹൈസ്‌കൂൾ മംഗലംകളി, പണിയ നൃത്തം മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ തല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു.
കൂടാതെ കലാമേളയിലെ പ്രധാന ആകർഷണമായ ഹൈസ്‌കൂൾ ഒപ്പന, അറബന മുട്ട്, കോൽക്കളി, അറബിക് സംഘഗാനം, ഉർദു സംഘഗാനം, യു പി തിരുവാതിര കളി, യു പി ദേശഭക്തി ഗാനം, ഹയർ സെക്കണ്ടറി നാടൻ പാട്ട്, മൂകാഭിനയം, വഞ്ചിപ്പാട്ട്, അറബന മുട്ട് ഹൈസ്‌കൂൾ ബോയ്സ് നാടോടി നൃത്തം എന്നീ മത്സരങ്ങൾക്കും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് യോഗ്യത നേടി അതോടൊപ്പം എൽ. പി ദേശഭക്തി ഗാനം, എൽ പി നാടോടിനൃത്തം എന്നിവക്കും ഒന്നാം സ്ഥാനം നേടിയാണ് വിദ്യാർത്ഥികൾ മുന്നേറിയത്.
വ്യക്തിഗത ഇനങ്ങൾക്കും ഓഫ് സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികളുടെ പ്രകടനം വേറിട്ടതായി.
പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, ആർട്സ് കോർഡിനേറ്റർ, സ്റ്റാഫ് സെക്രട്ടറി സ്കൂൾ പി ടി എ കമ്മിറ്റി തുടങ്ങി രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന ഒരു ടീം തന്നെ സ്കൂളിലെ കലാകാരന്മാർക്കും കലാകാരികൾക്കും നേതൃത്വം നൽകി.
ചുരുങ്ങിയ സമയം കൊണ്ടുള്ള പ്രാക്ടീസും, നിർലോഭമായുള്ള ഒത്തൊരുമയും സഹകരണവും കഠിനപ്രയത്നവുമാണ് മികച്ച വിജയം കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയത്.
വിജയം കരസ്ഥമാക്കിയ ചുണക്കുട്ടികളെ സ്കൂൾ മാനേജ്മെന്റും പി ടി എയും അദ്ധ്യാപകരും അഭിനന്ദിച്ചു.