പന്തീരാങ്കാവ് : പാലാഴിയിലെ ‘എനി ടൈം മണി’ എന്ന സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായവർ ആറുപേരെ കൊന്ന് പണവും സ്വർണവും അപഹരിച്ച കേസിലെ പ്രതികൾ. രണ്ട് കവർച്ചാ കേസുകളിലും പ്രതിയാണ്.
ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് അടച്ചുപൂട്ടിയ പാലാഴിയിലെ ഓഫീസ് കുത്തിത്തുറന്നാണ് മോഷണം. കേസിൽ തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ മുരുകൻ (33), പഞ്ചനകി സേലം, കേശവൻ (25) എന്നിവരെ പന്തീരാങ്കാവ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണക്കേസിൽ മറ്റൊരു പ്രതിയായ സേലം കിച്ചി പാളയം പഞ്ചാങ്ങി സേലം മാരിയമ്മ മുരുകനെ (28) ബെംഗളൂരുവിൽ വെച്ച് ഒക്ടോബർ നാലിന് അറസ്റ്റ് ചെയ്തിരുന്നു. മാരിയമ്മയുടെ ഭർത്താവും ഭർത്തൃസഹോദരനുമാണ് മുരുകനും കേശവനും.
2023 ഓഗസ്റ്റ് 17-നും 24 സെപ്‌റ്റംബർ രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അനുബന്ധ തെളിവെടുപ്പിന് വന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.
രാമനാട്ടുകര മേൽപ്പാലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ തമ്പടിച്ചിരുന്ന പ്രതികൾ ഗൂഡല്ലൂർ വഴി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെയാണ് കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസ് സംഘം ഗൂഡല്ലൂർ വെച്ച് അറസ്റ്റ് ചെയ്തത്.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖ്, പന്തീരാങ്കാവ് ഇൻസ്പെക്ടർ ജി. ബിജുകുമാർ, എസ്.ഐ. സനീഷ്, എസ്.ഐ. മഹീഷ് എന്നിവർ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് തമിഴ്നാട്ടിലും കേരളത്തിലുമായി ആറുപേരെ കൊലപ്പെടുത്തി സ്വർണവും പണവും മോഷ്ടിച്ചവരാണെന്ന് വ്യക്തമായത്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോയി കൊലപാതകം നടത്തിയ കേസും തമിഴ്‌നാട് ഈറോഡ് ചെന്നിമലൈ പെരുന്തുരൈ, കാങ്കയം എന്നീ സ്റ്റേഷനുകളിൽ അഞ്ച് കേസുകളിലായി വീട് കുത്തിത്തുറന്ന് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് പേരെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസും പെരിയനായ്ക്കം പാളയം, കരുമത്താന്ഴപ്പട്ടി, സുലൂര് എന്നീ സ്റ്റേഷനുകളിൽ രണ്ട് കവർച്ചക്കേസുകളും മൂന്ന് മോഷണക്കേസുകളും നിലവിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ അറിയിച്ചു.