കോഴിക്കോട്ട്മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റി ; സ്വകാര്യബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ വാഹന വ്യൂഹത്തിനിടയിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയതിന് കേസ്. കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടൂളിയില്‍ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിലാണ് കേസ്.ബാലസംഘത്തിന്റെ പരിപാടിക്ക് ശേഷം കോഴിക്കോട്ടെ തന്നെ മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രി പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഉടൻ തന്നെ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ആർക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ പ്രതികരണം.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോർട്ട് വാഹനങ്ങളും ആംബുലൻസുമടക്കം അപകടത്തില്‍പ്പെട്ടത് വലിയ വാർത്തയായിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാനായി വണ്ടി സഡൻ ബ്രേക്കിട്ടപ്പോള്‍ പുറകെ വന്ന വണ്ടികള്‍ കൂട്ടിയിടിക്കുകയായിരുന്നു.അമിത വേഗത്തിലായിരുന്നു വാഹനവ്യൂഹം. ഇരുഭാഗവും ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെന്ന ആരോപണമുള്ളതിനാല്‍ കേസിലേക്ക് പോകേണ്ടെന്നായിരുന്നു പൊലീസ് നിലപാട്.