കോഴിക്കോട് :മോഷണക്കേസിൽ അറസ്റ്റ് ചെയ്ത തമിഴ്നാട് സ്വദേശികളായ സഹോദരങ്ങളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സേലം സ്വദേശികളായ മുരുകൻ (33), സഹോദരൻ കേശവൻ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസിൽ ഉൾപ്പെട്ട സ്ഥാപനമായ പാലാഴിയിലെ 'എനി ടൈം മണി'യിൽ കയറി കവർച്ച നടത്തിയ സംഭവത്തിലാണ് ഇരുവരും പിടിയിലായത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ നടത്തിയ ഏഴ് കൊലപാതകങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്.
കേരളത്തിലും തമിഴ്നാട്ടിലും സംഘം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്2022ൽ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഒരു സംഭവം.
2018-22 കാലയളവിൽ തമിഴ്നാട്ടിലെ ഈറോഡ്, ചെന്നിമലൈ, പെരുന്തുറൈ, കാങ്കയം എന്നീ സ്റ്റേഷൻ പരിധികളിലായാണ് മറ്റ് കൊലപാതകങ്ങൾ. വീട് കുത്തിത്തുറന്ന് അകത്തുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് പേരെയാണ് സ്വർണത്തിനും പണത്തിനും വേണ്ടി സംഘം കൊലപ്പെടുത്തിയത്.പെരിയനായ്ക്കം പാളയം, കരുമത്താനപെട്ടി, സുലൂർ എന്നീ സ്റ്റേഷനുകളിലായി രണ്ട് കവർച്ചാ കേസുകളും മൂന്ന് മോഷണക്കേസുകളും ഇവരുടെ പേരിലുണ്ടെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ടി നാരായണൻ അറിയിച്ചു.
നാടോടികളായി പുറമ്പോക്കിൽ താമസിച്ച് നിരീക്ഷണം നടത്തിയാണ് ഇവർ മോഷണം നടത്തുന്നത്. ഇവർക്ക് ഒറ്റപ്പാലം പത്തിരിപ്പാലയിൽ സ്വന്തമായി വീടും സ്ഥലവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഇരുവരും ആറുവരിപ്പാതയുടെ ഭാഗമായുള്ള രാമനാട്ടുകര മേൽപാലത്തിന് താഴെ ഒഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞിരുന്നത്.
പകൽ സമയത്ത് പാഴ്വസ്തുക്കൾ ശേഖരിക്കാൻ ഇറങ്ങുകയും ആളൊഴിഞ്ഞ വീടുകൾ മനസ്സിലാക്കി മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. മോഷണത്തിനിടെ എതിർത്താൽ ആളുകളെ കൊല്ലാനും ഇവർക്ക് മടിയില്ലെന്ന് പൊലീസ് പറഞ്ഞു.
സംഘമായെത്തുന്ന ഇവർ ഒരു സ്ഥലത്ത് തന്നെ അധിക കാലം താമസിക്കാറില്ല എന്നതും പോലീസിന് തലവേദനയാണ്. പിടിയിലായവർ കൊടും കുറ്റവാളികളാണെന്ന് വ്യക്തമായതോടെ
അലഞ്ഞുതിരിയുന്നവരെ കണ്ടാൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.