കിഴിശ്ശേരി: ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു. കിഴിശ്ശേരി പുളിയക്കോട് സ്വദേശി പുനിയാനിക്കോട്ടിൽ മുഹ്സിൻ - കാരാട്ടുപറമ്പ് വലിയാറക്കുണ്ട് വീട്ടിൽ ഇ.കെ ജുഹൈന തസ്‌നി ദമ്പതികളുടെ മകൻ നൂർ ഐമൻ ആണ് മരിച്ചത്. വ്യാഴം രാവിലെ ഒൻപതിന് കാരാട്ടുപറമ്പിൽ മാതാവിന്റെ വീട്ടിലാണ് അപകടം.
മഞ്ചേരി യൂനിറ്റി വിമൻസ് കോളജിൽ ബിരുദ വിദ്യാർഥിയായ മാതാവ് ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ കുട്ടി കരഞ്ഞു. കരച്ചിൽ മാറ്റാനായി വീടിൻ്റെ മുകൾ നിലയിലുള്ള വല്യുപ്പയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടാക്കി. ഇവിടെ ചുമരിൽ ചാരിവച്ചിരുന്ന പഴയ ജനൽ കട്ടിലയിൽ കുട്ടി കളിക്കുന്നതിനിടെ ഇത് ദേഹത്തേക്ക് വീഴുകയായിരുന്നു.തലക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ചെന്നൈയിൽ വോഡഫോൺ കമ്പനിയിൽ ജീവനക്കാരനായ മുഹ്സിൻ നാല് ദിവസം മുമ്പാണ് വീട്ടിൽ വന്ന് മടങ്ങിയത്. ഇതിന് ശേഷമാണ് ജുഹൈന തസ്‌നി മകനുമായി സ്വന്തം വീട്ടിൽ എത്തിയത്. പുളിയക്കോട് ആക്കപറമ്പ് ജുമുഅത്ത് പള്ളിയിൽ മറവ് ചെയ്യും.