സിംഗപ്പൂർ: ചതുരംഗക്കളത്തിൽ ചരിത്രമെഴുതി ഇന്ത്യയുടെ സ്വന്തം ദൊമ്മരാജു ഗുകേഷ്. ലോക ചാമ്പ്യൻഷിപ്പിന്റെ കടുപ്പമേറിയ കരുനീക്കങ്ങളിൽ വിസ്മയകരമായ പ്രകടനം പുറത്തെടുത്ത 18കാരൻ ഇനി ചെസിന്റെ വിശ്വരാജാവ്. ലോക കിരീടത്തിലേക്ക് തേരുതെളിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി ഇനി ചെന്നൈയിലെ തെലുഗുകുടുംബത്തിൽ ജനിച്ച ഈ കൗമാരക്കാരന് സ്വന്തം. നിലവിലെ ചാമ്പ്യൻ ഡിങ് ലിറെനെ പതിനാലാം റൗണ്ട് പോരാട്ടത്തിൽ മലർത്തിയടിച്ചാണ് ഏഴര പോയന്റുമായി ഗുകേഷ് അവിശ്വസനീയ നേട്ടത്തിലെത്തിയത്.
കറുപ്പും വെളുപ്പും കളങ്ങൾക്കുള്ളിൽനിന്ന് വിജയത്തിന്റെ നിറതെളിച്ചത്തിലേക്ക് ഡി. ഗുകേഷ് അഭിമാനചുവടു വെച്ചതോടെ വിശ്വനാഥൻ ആനന്ദിനുശേഷം ഇതാദ്യമായി ഇന്ത്യക്കൊരു ലോക ചാമ്പ്യൻ പിറന്നിരിക്കുന്നു. 14 റൗണ്ട് പിന്നിടുമ്പോൾ ഇന്ത്യൻ താരത്തിന്റെ 7.5 പോയന്റിനെതിരെ 6.5 പോയന്റ് നേടാനേ ചൈനക്കാരനായ ഡിങ് ലിറെന് കഴിഞ്ഞുള്ളൂ. അവസാന മത്സരം സമനിലയിൽ കലാശിച്ചിരുന്നെങ്കിൽ വിവിധനിർണയം ടൈബ്രേക്കറിലെത്തുമായിരുന്ന വേളയിലാണ് അവസാന ക്ലാസിക്കൽ ടൈം കൺട്രോൾ ഗെയിമിൽ അപാരമായ മനസ്സാന്നിധ്യത്തോടെ ഗുകേഷ് വിജയതീരമണഞ്ഞത്. 22-ാം വയസ്സിൽ വിശ്വചാമ്പ്യൻ പദവിയിലേറിയ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷിനെ തേടിയെത്തുന്നത്