തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്ക് നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അനധികൃതമായി വാടകയ്ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നതും പത്രമാധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്.
എട്ട് സീറ്റിൽ കൂടുതൽ ഘടപ്പിച്ച് വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം വാഹന ഉടമ നൽകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്തു നൽകിയിട്ടുള്ളത്. ഇത്തരം വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് എന്താവശ്യത്തിനായാലും നിയമവിരുദ്ധമാണ്