കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച നിലയിൽ. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് മരിച്ചത്.
കട്ടപ്പന റൂറൽ ഡെവലപ്മെന്റ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പടിക്കെട്ടുകൾ സമീപം വെള്ളിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ സമീപത്തെ താമസക്കാരാണ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകായിരുന്നു. നിക്ഷേപതുക തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട് ബാങ്കുമായി തർക്കം നിലനിൽക്കെയാണ് ആത്മഹത്യ.കട്ടപ്പനയിൽ വ്യാപര സ്ഥാപനം നടത്തുന്ന സാബുവിന് 25 ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ച് മാസംതോറും നിശ്ചിത തുക നൽകാമെന്നായിരുന്നു ബാങ്കിന്റെ മറുപടി. ഇതനുസരിച്ച് പണം നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച്‌ച ഭാര്യയുടെ ചികിത്സക്ക് വേണ്ടി കൂടുതൽ പണം ആവശ്യപ്പെട്ട് സാബു ബാങ്കിലെത്തിയിരുന്നു. എന്നാൽ ബാങ്ക് നിഷേധിക്കുകയായിരുന്നു. തുടർന്ന് വലിയ തർക്കങ്ങൾ ഉണ്ടായിരുന്നു.ഭാര്യയുടെ ചികിത്സക്ക് പണം നൽകിയില്ലെന്നും അപമാനിച്ചെന്നും മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും എഴുതിയ കുറിപ്പ് സാബുവിൻ്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ചു.
നേരത്തെ കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്ക് ഇപ്പോൾ സി.പി.എം ഭരണസമിതിയാണ് ഭരിക്കുന്നത്. വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയ ബാങ്കിൽ വളരെ കുറച്ച് നിക്ഷേപകർ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.