കൊച്ചി: മിസ് കേരള മത്സത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശി മേഘ ആനറണിയെയാണ് മിസ് കേരളയായി തെരഞ്ഞെടുത്തത്. കോട്ടയം സ്വദേശി അരുന്ധതിയാണ് ഫസ്റ്റ് റണ്ണറപ്പ്. തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മിസ് കേരള കിരീടം ചൂടിയ മേഘ ആന്റണി.
വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രിക്ക് കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ഫൈനൽ. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന വിധികർത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്.
മിസ് കേരളയ്ക്ക് പുറമെ പത്തിലധികം മറ്റ് സ്ഥാനങ്ങളിലേക്കുള്ള വിജയികളെയും തെരഞ്ഞെടുത്തു. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജി, മിസ് ടാലന്റഡായി അദ്രിക സഞ്ജീവ്, മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നി എന്നിവരെ തെരഞ്ഞെടുത്തു. മിസ് കൊൻജിനിയാലിറ്റി പട്ടം ലഭിച്ചത് കീർത്തി ലക്ഷ്മിക്കാണ്. മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയായി ആയി സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുൾ സ്കിൻ സ്ഥാനത്തേക്ക് അസ്മിൻ എന്നിവരാണ് വിജയികൾ
ഡിസംബർ ആദ്യവാരം തുടങ്ങിയ വിവിധ ഓഡിഷനുകൾ കടന്നാണ് മൂന്നൂറിലധികം മത്സരാർത്ഥികളിൽ നിന്ന് അഴകും അറിവും ആത്മവിശ്വാസവും നിറഞ്ഞ 19 സുന്ദരികൾ ഫൈനലിൽ എത്തിയത്. മൂന്ന് റൗണ്ടുകളാണ് ഗ്രാന്റ് ഫിനാലെയിൽ ഉണ്ടായിരുന്നത്. പ്രമുഖ ഡിസൈനർമാർ ഒരുക്കിയ പരമ്പരാഗത, പാശ്ചാത്യ വസ്ത്രങ്ങളിൽ മത്സരാർത്ഥികൾ റാമ്പിലെത്തി.