കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭാപരിധിയിലെ പാതയോരങ്ങളിൽ സ്ഥാപിച്ച അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കംചെയ്യുന്നതിന് നഗരസഭ നടപടി ശക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്.
നഗരസഭാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് ഇതിനായി രൂപവത്‌കരിച്ചിട്ടുണ്ട്. നഗരസഭാ അസി.എൻജിനിയർ ശിവപ്രസാദാണ് സ്ക്വാഡ് ലീഡർ. ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ്, റവന്യു ഇൻസ്പെക്ടർ അബ്ദുൾ സലാം, ഓവർസിയർ എം.കെ. സജീവൻ, ഓഫീസ് സ്റ്റാഫ് അഖിലേശൻ എന്നിവർ സ്ക്വാഡ് അംഗങ്ങളാണ്.
സ്ക്വാഡ് സ്ഥിരമായി പാതയോരങ്ങളിൽ നിരീക്ഷണം നടത്തി നിയമവിരുദ്ധമായി കാണുന്ന എല്ലാ ബോർഡുകളും കൊടികളും തോരണങ്ങളും അഴിച്ചുമാറ്റുകയും അവ സ്ഥാപിച്ചവരിൽനിന്ന് അയ്യായിരം രൂപ പിഴയീടാക്കുകയും ചെയ്യും.
മറ്റു നിയമനടപടികളും ബോർഡ് സ്ഥാപിച്ചവർക്കെതിരേ സ്വീകരിക്കും. കൊയിലാണ്ടി മുത്താമ്പി റോഡിൽ സ്ഥാപിച്ച ധാരാളം ബാനറുകളും ബോർഡുകളും നഗരസഭാധികൃതർ എടുത്തുമാറ്റി. ഇവ നഗരസഭാ ഓഫീസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്.
നഗരസഭയും പഞ്ചായത്തധികൃതരും, ബോർഡുകളും ബാനറുകളും കൃത്യമായി നീക്കംചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം കോടതികൾ ചുമതലപ്പെടുത്തുന്ന ജീവനക്കാരും നിരീക്ഷകരായിട്ടുണ്ട്. ഇതുകാരണം അധികൃതർ അടിയന്തരമായിത്തന്നെ ബോർഡുകൾ നീക്കംചെയ്തുതുടങ്ങിയിട്ടുണ്ട്.