ആലപ്പുഴ: എ.ടി.എം. തട്ടിപ്പുകളുടെ പല രീതികള്‍ കണ്ടിട്ടുള്ളവരാണ് നാം. കഴിഞ്ഞ ദിവസം വേറിട്ടൊരു എ.ടി.എം. തട്ടിപ്പാണ് ആലപ്പുഴ കരുവാറ്റയില്‍ സംഭവിച്ചത്. സ്വകാര്യ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ നടത്തിയ പണം തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
എ.ടി.എമ്മില്‍ കാര്‍ഡിട്ട് പിന്‍നമ്പര്‍ അടിച്ച ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. മെഷിന്‍ നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ കീപാഡിലമര്‍ത്തുകയും മെഷിന്‍ കുലുക്കി മുന്‍ഭാഗം ഇളക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുമ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം പോകില്ല. എന്നാല്‍ ആവശ്യപ്പെട്ട തുക കാര്‍ഡുടമയ്ക്ക് ലഭിക്കുകയും ചെയ്യും. ഇതുമൂലം നഷ്ടം വരിക ബാങ്കിനു മാത്രം. കരുവാറ്റയിലെ എ.ടി.എമ്മില്‍നിന്ന് 10,000 രൂപയാണ് ഇത്തരത്തില്‍ തട്ടിയത്.
എ.ടി.എം. കൗണ്ടറിനകത്തുനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടതോടെ തൊട്ടടുത്തുള്ള കടയുടമ എത്തിയതോടെയാണ് കള്ളി പുറത്താവുന്നത്. ഈ സമയം രണ്ടാമത്തെ തവണ തട്ടിപ്പിനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. കടയുടമ എത്തിയതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ പ്രതികളെത്തിയത് വ്യാജനമ്പര്‍പ്ലേറ്റ് പതിപ്പിച്ച സ്‌കൂട്ടറിലാണെന്ന് കണ്ടെത്തി.