പേരാമ്പ്ര:പേരാമ്പ്രയിൽ വീടിനോട് ചേർന്നുള്ള റബ്ബർ പുരക്ക് തീപിടിച്ചു .കിഴിഞ്ഞാണ്യം ഗീതാഞ്ജലിയിൽ ബാലകൃഷ്ണന്റെ വീടിനോട് ചേർന്നുള്ള റബ്ബർ ഷീറ്റ് പുരക്കാണ് തീപിടിച്ചത് . ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് സംഭവം.
വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി റഫീക്കിന്റെയും നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി തീയണച്ചു.പുകപ്പുരയോട് ചേർന്ന് തേങ്ങാക്കൂടയും വിറകുപുരയും ഉണ്ടായിരുന്നു. റബ്ബർ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടത് തേങ്ങാക്കൂടയിലേക്ക് പടർന്നാണ് തീ പിടിച്ചത് എന്നാണ് നിഗമനം.
ഫയർ ഫോഴ്സ് സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ തൊട്ടടുത്തുള്ള വീട്ടിലേക്ക് തീ പടരാതെ നിയന്ത്രണവിധേയമാക്കാനായി. ഉണക്കാനിട്ട റബർഷീറ്റുകളും തേങ്ങയും ഉൾപ്പെടെ തേങ്ങാക്കൂട ഭാഗികമായി കത്തി നശിച്ചു.