തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ അനർഹമായി കൈപ്പറ്റിയ ജീവനക്കാർക്കെതിരെ നടപടി കർശനമാക്കാൻ ഒരുങ്ങി സർക്കാർ. കുറ്റക്കാരായ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി നിര്‍ദേശിച്ചു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും നിര്‍ദേശം നല്കി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിലായവരിൽ നാലുപേർ പാർട്ട് ടൈം സ്വീപ്പർമാരാണ്. വടകരയിലെ മണ്ണ് സംരക്ഷണ ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ്, കാസർകോട് ഓഫിസിലെ അറ്റൻഡന്റ് സാജിത കെ എ, പത്തനംതിട്ട ഓഫിസിലെ പാർട്ട് ടൈം ഓഫിസര്‍ ഷീജാകുമാരി ജി, മീനങ്ങാടി ഓഫിസിലെ പാർട്ട് ടൈം സ്വീപ്പർമാരായ ഭാർഗവി പി, ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ രജനി ജെ എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്.
മറ്റ് വകുപ്പുകളിലെ ക്ഷേമപെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടിയുണ്ടാകും. പലരും വ്യാജരേഖ സമർപ്പിച്ചാണ് സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയിൽ അംഗമായത്. സ്വീപ്പർ മുതൽ ഹയർ സെക്കൻഡറി അധ്യാപകരും അസി. പ്രഫസർമാരും വരെയുള്ള 1450 സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റുന്നണ്ടെന്ന് ധനവകുപ്പ് കണ്ടെത്തിയിരുന്നു. പിഴപ്പലിശ സഹിതം തുക തിരികെ പിടിക്കുന്നതിനൊപ്പം വകുപ്പുതല അച്ചടക്ക നടപടിക്കുമാണ് ധനവകുപ്പിന്റെ നിർദേശം.