.
കൊല്ലം :പരവൂരിൽ വനിതാ എസ്ഐ വീട്ടിൽ കയറി മർദിച്ചതായി എസ്ഐയുടെ ഭാര്യയുടെ പരാതി. പരവൂർ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.ഭർത്താവും വനിതാ എസ്ഐയും തമ്മിലുള്ള അതിരുകടന്ന സൗഹൃദം വിലക്കിയതിന് ഭർത്താവിന്റെ സാന്നിധ്യത്തിൽ വനിതാ എസ്ഐ മർദിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
പരാതിയിൽ യുവതിയുടെ ഭർത്താവും വർക്കല എസ്ഐയുമായ അഭിഷേക്, കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആശ എന്നിവർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു.വനിതാ എസ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. വീട്ടിൽ എത്തിയ വനിതാ എസ്ഐ കുത്തിൽ കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്തുപിടിച്ച് കവിളിൽ അടിച്ചു.
സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയാക്കും. കുഞ്ഞിനെ ശരിയാക്കിക്കളയുമെന്നും വനിതാ എസ്ഐ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.ഡിപ്പാർട്ട്മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും സഹോദരിയെയും കേസിൽപ്പെടുത്തി ജയിലിനുള്ളിലാക്കുമെന്നും വനിതാ എസ്ഐ ഭീഷണിപ്പെടുത്തി.
അൻപത് ലക്ഷം രൂപ നൽകിയാൽ എസ്ഐയുടെ ഭാര്യയായി ജീവിക്കാം. അല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ എന്നും വനിതാ എസ് ഐ പറഞ്ഞു എന്നും യുവതി പറയുന്നു.
ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ പിടിച്ച് തിരിച്ചു. വനിതാ എസ്ഐയെ തള്ളി മാറ്റിയാണ് അവിടെ നിന്ന് താൻ മാറിയത്. ശബ്ദം കേട്ട് അമ്മ വന്നപ്പോൾ വീട്ടിൽ വന്നവരെ താൻ അപമാനിച്ചു എന്ന വിധത്തിലേക്ക് കാര്യങ്ങളെ മാറ്റിയെന്നും യുവതി പറയുന്നു.
യുവതിയുടെ പരാതിയിൽ ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) 85, 126 (2), 115 (2), 351(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ പരവൂർ പൊലീസ് തന്റെ മൊഴിയെടുത്തുവെന്നും എന്നാൽ അതിൽ താൻ തൃപ്‌തയല്ലെന്നും യുവതി പറഞ്ഞു.കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ചിത്ര തെരേസ ജോണിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. സത്യാവസ്ഥ മനസിലാക്കി മാഡം കൂടെ നിന്നു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു.