തിരുവനന്തപുരം: ചോദ്യക്കടലാസ് ചോർച്ച വ്യാപകമായതോടെ, സ്‌കൂൾ പരീക്ഷയ്ക്ക് ഡിജിറ്റൽ പൂട്ടിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി ‘ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ ജനറേറ്റിങ് സിസ്റ്റം’ എന്ന പ്രത്യേക സോഫ്റ്റ്‌വേർ തയ്യാറാക്കും. ചോദ്യക്കടലാസ് ചോർച്ച അന്വേഷിക്കുന്ന സമിതിയോട് പരീക്ഷ പരിഷ്‌കരിക്കാനുള്ള ശുപാർശനൽകാൻ നിർദേശിച്ചിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി.യും മാർഗരേഖ തയ്യാറാക്കും. ഇതുരണ്ടും പരിഗണിച്ച് സ്‌കൂൾ പരീക്ഷ സമഗ്രമായി പൊളിച്ചെഴുതാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.
യു.പി. സ്‌കൂൾതലംമുതൽ ഹയർ സെക്കൻഡറിവരെയുള്ള ക്ലാസുകളിലാണ് പരിഷ്‌കാരം. പരീക്ഷാദിവസംമാത്രം ചോദ്യക്കടലാസ് ഡിജിറ്റലായി സ്‌കൂളുകൾക്ക് ലഭ്യമാക്കുന്നതരത്തിലായിരിക്കും സോഫ്റ്റ്‌വേർ. ചോദ്യക്കടലാസ് ലഭിക്കാൻ പ്രത്യേക സുരക്ഷാനമ്പർ ഉണ്ടാവും. പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾമുൻപുമാത്രം ലഭിക്കുന്ന ചോദ്യക്കടലാസ് സ്‌കൂൾ അധികൃതർ പ്രിന്റെടുത്ത് വിദ്യാർഥികൾക്ക് നൽകണം.
എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിർബന്ധമാക്കും. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ അധ്യാപകർക്ക് പരിശീലനം നൽകും. ഓരോ വിഷയത്തിലും ഒട്ടേറെ സെറ്റ് ചോദ്യങ്ങൾ തയ്യാറാക്കി ചോദ്യബാങ്കിലിടും. ഇതിൽ ഏതെങ്കിലുമൊന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യാവലി. പല സെറ്റ് ചോദ്യക്കടലാസ് ഉള്ളതിനാൽ എല്ലാ സ്‌കൂളിലും ഒരേ വിഷയത്തിൽ ഒരേ ചോദ്യക്കടലാസ് ആയിരിക്കില്ല ലഭിക്കുക. ചോർച്ച തടയാൻ ഇതു സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വിദ്യാർഥികൾക്ക് വിഷയഗ്രാഹ്യവും പരീക്ഷയെക്കുറിച്ച് ധാരണയുമുണ്ടാവാൻ ചോദ്യബാങ്ക് മുൻകൂറായി പ്രസിദ്ധീകരിക്കും. ചോദ്യക്കടലാസ് നിർമാണം, അച്ചടി, വിതരണം തുടങ്ങിയവയ്ക്കുള്ള സാമ്പത്തികഭാരം ഒഴിവാക്കാനും ഡിജിറ്റൽ പരീക്ഷാരീതി സഹായകമാവും.