കോഴിക്കോട്: 29 കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷി (28) നെയാണ് ഫറോക്ക് പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14ാം തീയ്യതി രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്ക് സമീപത്തുള്ള ഹോട്ടല്‍, റെഡിമെയ്ഡ് ഷോപ്പ്, ഫറോക്ക് ചുങ്കത്തെ ബ്യൂട്ടി പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് പതിനായിരത്തോളം രൂപയും മുട്ടുംകുന്ന് റോഡിലുള്ള വീട്ടില്‍ നിന്ന് ബൈക്കും മോഷണം പോയിരുന്നു. മോഷണം നടന്ന കടകള്‍ക്ക് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇരുചക്ര വാഹനം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഈ ബൈക്ക് ചെറുവണ്ണൂരില്‍ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 119ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തഫ്‌സീറിനെ എറണാകുളം ചെറായില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
കെഎസ്ആര്‍ടിസിക്ക് സമീപം ഇയാള്‍ ഉപേക്ഷിച്ച മോഷ്ടിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചെറുവണ്ണൂരില്‍ നിന്ന് മോഷ്ടിച്ച വാഹനം രാമനാട്ടുകരയില്‍ ഉപേക്ഷിച്ച്, ഇവിടെ നിന്ന് മറ്റൊരു ബൈക്കെടുത്ത് ഇയാള്‍ നഗരത്തില്‍ എത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ഇയാളുടെ പേരില്‍ കേസുകളുണ്ട്. 2021 ഓഗസ്റ്റില്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പോലീസുകാരുടെ മുഖത്ത് കറി ഒഴിച്ച് രക്ഷപ്പെട്ട കേസും ഇയാളുടെ പേരിലുണ്ട്. ഫറോക്ക് എസ്‌ഐ അനൂപ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അരുണ്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഐടി വിനോദ്, മധുസൂദനന്‍, അനൂജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനീഷ്, സുബീഷ്, അഖില്‍ ബാബു, ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ ശ്യാം സനൂപ്, സൈബര്‍ സെല്ലിലെ പ്രജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് തഹ്‌സീറിനെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.